'വിദ്യാർത്ഥികളുടെ ജീവിതവുമായി ചൂതാട്ടം അവസാനിപ്പിക്കൂ'
നീറ്റ് യുജി 2026 പുനഃപരീക്ഷയ്ക്ക് നാഗ്പൂരിലെ വിദ്യാർഥിക്ക് അബുദാബിയെ പരീക്ഷാകേന്ദ്രമായി അനുവദിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെയും ദേശീയ പരീക്ഷാ ഏജൻസിയായ എൻടിഎയെയും രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. "വിദ്യാർത്ഥികളുടെ ജീവിതവുമായി ചൂതാട്ടം അവസാനിപ്പിക്കൂ" എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
തുടർച്ചയായി ചോദ്യപേപ്പർ ചോർച്ച, പരീക്ഷ റദ്ദാക്കൽ, സാങ്കേതിക പിഴവുകൾ എന്നിവയിലൂടെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്ന് രാഹുൽ ആരോപിച്ചു. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാഗ്പൂരിലെ ഒരു വിദ്യാർഥിക്കാണ് ജൂൺ 21-ന് നടക്കാനിരുന്ന നീറ്റ് പുനഃപരീക്ഷയ്ക്കായി അബുദാബിയിലെ പരീക്ഷാകേന്ദ്രം അനുവദിച്ചത്. സംഭവം വിവാദമായതോടെ ഇത് സാങ്കേതിക പിഴവാണെന്ന് എൻടിഎ വിശദീകരിക്കുകയും പിന്നീട് പരീക്ഷാകേന്ദ്രം നാഗ്പൂരിലേക്ക് തിരുത്തി നൽകുകയും ചെയ്തു.
വിദ്യാർഥികളുടെ ആശങ്കയും മാനസിക സമ്മർദ്ദവും വർധിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും പരീക്ഷാ സംവിധാനത്തിൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.