ജാർഖണ്ഡ് നിയമസഭയിലേക്ക് വിദ്യാർഥികളുടെ മാർച്ച്; പ്രതിഷേധം 17-ാം ദിവസത്തിലേക്ക്

 
National

റാഞ്ചി: സർക്കാർ നിയമന പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം 17-ാം ദിവസത്തിലേക്ക്. സർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ചകളിൽ ധാരണയിലെത്താൻ കഴിയാത്തതിനെ തുടർന്ന് വിദ്യാർഥികൾ ഇന്ന് നിയമസഭയിലേക്ക് മാർച്ച് നടത്തുകയാണ്. 

ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (JSSC) പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. JPSC പ്രിലിമിനറി പരീക്ഷ റദ്ദാക്കാൻ സർക്കാർ സമ്മതിച്ചെങ്കിലും മറ്റ് ആവശ്യങ്ങളിൽ ധാരണയിലെത്താൻ കഴിഞ്ഞില്ല. 

റാഞ്ചിയിലെ പഴയ നിയമസഭാ മൈതാനിയിൽ നിന്ന് പുതിയ നിയമസഭാ മന്ദിരത്തിലേക്കാണ് മാർച്ച് നടത്തുന്നത്. പ്രതിഷേധം കണക്കിലെടുത്ത് നിയമസഭാ പരിസരത്ത് നിരോധനാജ്ഞയും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. 

പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്രനാഥ് മഹ്തോ ഓഗസ്റ്റ് രണ്ടുമുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലാണെന്നാണ് റിപ്പോർട്ട്. പ്രതിഷേധം ശക്തമാകുന്നതിനിടെ വിദ്യാർഥികളും സർക്കാരും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്.