കർണാടക, ത്രിപുര ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ
കർണാടക, ത്രിപുര ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സ്ഥലംമാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിൽ നവംബർ 24ന് ചേർന്ന കൊളീജിയം യോഗത്തിലാണ് തീരുമാനം. നിലവിലെ രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സ്ഥലംമാറ്റത്തിനാണ് ശുപാർശ നൽകിയിരിക്കുന്നത്.
ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എസ്. രാമചന്ദ്ര റാവുവിനെ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ശുപാർശ ചെയ്തു. തെലങ്കാന ഹൈക്കോടതിയാണ് അദ്ദേഹത്തിന്റെ മാതൃ ഹൈക്കോടതി. നേരത്തെ തെലങ്കാന, ആന്ധ്രപ്രദേശ് ഹൈക്കോടതികളിലും അദ്ദേഹം ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഭു ബഖ്രുവിനെ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി മാറ്റാനും കൊളീജിയം ശുപാർശ നൽകി. ജാർഖണ്ഡ് ഹൈക്കോടതി നിലവിലെ ചീഫ് ജസ്റ്റിസ് എം.എസ്. സോനക് നവംബർ 27ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഡൽഹി ഹൈക്കോടതിയാണ് വിഭു ബഖ്രുവിന്റെ മാതൃ ഹൈക്കോടതി.
അതേസമയം, ഹിമാചൽപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിവേക് സിങ് ഠാക്കൂറിനെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം പ്രത്യേകം ശുപാർശ ചെയ്തിട്ടുണ്ട്. നിലവിലെ ചീഫ് ജസ്റ്റിസ് എം.എസ്. രാമചന്ദ്ര റാവു കർണാടകയിലേക്ക് മാറുന്നതോടെയാണ് പുതിയ നിയമനത്തിനുള്ള ശുപാർശ. കേന്ദ്രസർക്കാരിന്റെ തുടർനടപടികൾക്കുശേഷമായിരിക്കും നിയമനങ്ങൾ പ്രാബല്യത്തിൽ വരിക.