അസം പൗരത്വ തർക്കത്തിൽ സുപ്രീംകോടതി ഇടപെട്ടു; ന്യായമായ വിചാരണ ഓരോരുത്തരുടെയും അവകാശമെന്ന് നിരീക്ഷണം
അസമിലെ പൗരത്വ തർക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഇടപെട്ട് ന്യായമായ വിചാരണ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി. വിദേശികളായി പ്രഖ്യാപിക്കപ്പെട്ട നാല് സ്ത്രീകളെ നാടുകടത്തുന്നത് താൽക്കാലികമായി തടഞ്ഞ കോടതി, കേന്ദ്ര സർക്കാരിനും അസം സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ് അയച്ച് മറുപടി തേടി.
ഫോറിനേഴ്‌സ് ട്രൈബ്യൂണലും ഗുവാഹത്തി ഹൈക്കോടതിയും ഹർജിക്കാരുടെ പൗരത്വ രേഖകൾ ചെറിയ അക്ഷരപ്പിശകുകളും പ്രായവ്യത്യാസങ്ങളും പോലുള്ള സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിയെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഇത്തരം കേസുകളിൽ രേഖകളും തെളിവുകളും സമഗ്രമായി പരിശോധിച്ച് നിയമാനുസൃതമായ നടപടിക്രമം പാലിക്കേണ്ടതിന്റെ പ്രാധാന്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അസമിൽ പൗരത്വവുമായി ബന്ധപ്പെട്ട കേസുകൾ ഫോറിനേഴ്‌സ് ട്രൈബ്യൂണലുകൾ വഴി പരിഗണിച്ചുവരികയാണ്. ഇതിനിടെ സംസ്ഥാനത്ത് വിദേശികളായി പ്രഖ്യാപിക്കപ്പെട്ടവരുടെ എണ്ണം 1.7 ലക്ഷത്തോട് അടുക്കുന്നതായി സർക്കാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു.