പാസ്‌പോർട്ട് കരാറിൽ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി
പുതിയ ടെൻഡറിന് കേന്ദ്രത്തിന് നിർദേശം, വിസ സേവനങ്ങൾ തുടരും
Jul 20, 2026, 19:11 IST
അബുദാബി, കുവൈത്ത്, സിംഗപ്പൂർ, കാൻബറ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലെ കോൺസുലർ, പാസ്‌പോർട്ട്, വിസ (CPV) സേവനങ്ങൾക്കായുള്ള ടെൻഡർ നടപടിയിൽ ഡൽഹി ഹൈക്കോടതി കണ്ടെത്തിയ ക്രമക്കേടുകൾ സുപ്രീംകോടതി ശരിവച്ചു. സുതാര്യതയും നീതിയും പാലിച്ച് പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു.
അതേസമയം, പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ നിലവിലെ സേവനദാതാക്കൾ തന്നെ സേവനങ്ങൾ തുടരാമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ തടസമില്ലാതെ തുടരുമെന്നും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്കും വിസ അപേക്ഷകർക്കും ആശ്വാസമാകും.
ടെൻഡർ നടപടിയിലെ സാങ്കേതിക മൂല്യനിർണയത്തിൽ സുതാര്യതയും യുക്തിസഹതയും ഇല്ലെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് പുതിയ ടെൻഡർ നടപടികളിലേക്ക് പോകാൻ സുപ്രീംകോടതിയും നിർദേശിച്ചത്.