മുസ്ലിം മതം സ്വീകരിച്ചവരുടെ ബിസി പദവി: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് തമിഴ്നാട് സർക്കാർ

 
Vijay

മുസ്ലിം മതം സ്വീകരിച്ചവർക്ക് പിന്നാക്ക വിഭാഗം മുസ്ലിം (BC Muslim) സംവരണ ആനുകൂല്യം നൽകാനാകില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

2024-ൽ പുറത്തിറക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി അടുത്തിടെ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. മതപരിവർത്തനം മാത്രം ഒരു വ്യക്തിക്ക് സ്വമേധയാ ബിസി മുസ്ലിം വിഭാഗത്തിന്റെ സംവരണ ആനുകൂല്യത്തിന് അർഹത നൽകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഈ വിധി വിദ്യാഭ്യാസ പ്രവേശനത്തെയും സർക്കാർ ജോലികളിലെ സംവരണത്തെയും ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 

ഹൈക്കോടതി വിധി സാമൂഹിക നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും, ആയിരക്കണക്കിന് മതപരിവർത്തിതരുടെ അവകാശങ്ങളെ ഇത് ബാധിക്കുമെന്നും സംസ്ഥാന സർക്കാർ വാദിക്കുന്നു. അതിനാൽ വിധി സ്റ്റേ ചെയ്ത് സർക്കാർ ഉത്തരവിന്റെ സാധുത നിലനിർത്തണമെന്നാണ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.