ഹിന്ദി ഭാഷ നിരോധിക്കാൻ ഒരുങ്ങുന്നു തമിഴ്‌നാട് സർക്കാർ; സംസ്ഥാനത്തുടനീളം ഹിന്ദി സൈൻബോർഡുകൾ, സിനിമകൾ, ഗാനങ്ങൾ എന്നിവ നിരോധിക്കും


ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി ഭാഷ നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ തയ്യാറെടുക്കുന്നു. സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ ബിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം തമിഴ്‌നാട്ടിലുടനീളം ഹിന്ദി സൈൻബോർഡുകൾ നിരോധിക്കാനാണ് നിർദ്ദിഷ്ട ബിൽ ലക്ഷ്യമിടുന്നത്.
തമിഴരുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കരുതെന്നും അവരുടെ ആത്മാഭിമാനത്തെ തകർക്കരുതെന്നും സ്റ്റാലിൻ നേരത്തെ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഈ ശക്തമായ പ്രസ്താവനയെ തുടർന്നാണ് ബിൽ.
ഹിന്ദിയും സംസ്‌കൃതവും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ തമിഴ്‌നാട് എതിർക്കുമെന്ന് സ്റ്റാലിൻ നേരത്തെ പറഞ്ഞിരുന്നു. ഈ നിലപാടിന്റെ ഭാഗമായാണ് ഡിഎംകെ സർക്കാർ ഹിന്ദി വിരുദ്ധ ബിൽ മുന്നോട്ട് കൊണ്ടുവരുന്നത്. സ്‌കൂൾ, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിൽ സൃഷ്ടിക്കൽ എന്നിവയിലും സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലീഷ്) ഫലപ്രദമാണെന്ന് ഭരണകക്ഷി വാദിക്കുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബിജെപി അവഗണിക്കുന്നുവെന്ന് സ്റ്റാലിൻ നേരത്തെ ആരോപിച്ചിരുന്നു, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ ഭാഷാ പ്രശ്‌നം ഒരു പ്രധാന പ്രചാരണ വിഷയമായി ഉപയോഗിച്ചിരുന്നു.