ബലിയർപ്പിച്ച ആടിൻ്റെ രക്തം കുടിച്ച് തമിഴ്നാട്ടിലെ ക്ഷേത്ര പൂജാരി മരിച്ചു
ഈറോഡ്: തമിഴ്‌നാട്ടിലെ ഗോപിചെട്ടിപാളയത്തിലെ കുളപ്പല്ലൂർ ചെട്ടിപ്പാളയത്ത് ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന മൃഗബലിക്കിടെ ആടിൻ്റെ ചോര കുടിച്ച് ക്ഷേത്ര പൂജാരി മരിച്ചു. ഈ ക്ഷേത്രത്തിലെ 10 പൂജാരിമാരിൽ ഒരാളായ മരിച്ച പഴനി സാമി (51) 25 വർഷമായി പൂജാരിയായി പ്രവർത്തിക്കുന്നു. ഒഴിവുസമയങ്ങളിൽ വാൻ ഡ്രൈവറായും ജോലി ചെയ്യുന്നു.
ചെട്ടിപ്പാളയം ക്ഷേത്രത്തിൽ പരമ്പരാഗതമായി പഴനി സാമിയുടെ കുടുംബമാണ് പൂജ നടത്തുന്നത്. ഉത്സവത്തിൻ്റെ ഭാഗമായി ബുധനാഴ്ച 20 ആടുകളെയാണ് ഭക്തർ വഴിപാടിനായി കൊണ്ടുവന്നത്. ബലിയർപ്പിച്ച ആടിനെ വാഴപ്പഴത്തിൽ കലർത്തി പുരോഹിതർ കഴിക്കുന്നത് ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളിൽ ഒന്നാണ്.
പളനി സാമിയാണ് ഈ ചടങ്ങ് നിർവഹിച്ചത്. മിശ്രിതം കഴിച്ച പഴനി സാമിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ക്ഷേത്രം അധികൃതർ ഗോപിചെട്ടിപാളയം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. തമിഴ്നാട്ടിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലെയും പ്രധാന ആചാരമാണ് മൃഗബലി. ഉത്സവകാലത്തും കുട്ടികളുടെ കാതുകുത്തൽ ചടങ്ങുകൾക്കും ആളുകൾ ക്ഷേത്രങ്ങളിൽ ആടുകളെ ബലിയർപ്പിക്കുന്നു.