സർക്കാർ പരിപാടികളിൽ തമിഴ് ഗാനം നിർബന്ധമാക്കാൻ പ്രമേയം; മുഖ്യമന്ത്രി വിജയ്
തമിഴ്നാട്ടിലെ എല്ലാ ഔദ്യോഗിക പരിപാടികളുടെയും തുടക്കത്തിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കുന്നത് നിർബന്ധമാക്കുന്ന പ്രമേയം മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ അവതരിപ്പിച്ചു. പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് പുതിയ നിർദേശം ബാധകമായിരിക്കും. പരിപാടിയുടെ തുടക്കത്തിലാണ് തമിഴ് തായ് വാഴ്ത്ത് ആലപിക്കേണ്ടത്.
തമിഴ്നാടിന്റെ ഭാഷാ-സാംസ്കാരിക അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രമേയം അവതരിപ്പിച്ച് വിജയ് പറഞ്ഞു. തമിഴ് ഒരു ഭാഷ മാത്രമല്ലെന്നും തമിഴരുടെ ജീവിതവും വികാരവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ് തായ് വാഴ്ത്തിന് പരിപാടികളിൽ ആദ്യസ്ഥാനം നൽകുന്നത് സംസ്ഥാനത്തിന്റെ അവകാശമാണെന്നും വിജയ് പറഞ്ഞു.
പ്രമേയത്തിന് പ്രതിപക്ഷമായ ഡിഎംകെ, എഐഎഡിഎംകെ ഉൾപ്പെടെ വിവിധ കക്ഷികൾ പിന്തുണ നൽകി. ശബ്ദവോട്ടോടെയാണ് പ്രമേയം ഏകകണ്ഠമായി പാസാക്കിയത്.
2021 ഡിസംബർ 12 മുതൽ തമിഴ് തായ് വാഴ്ത്തിന് തമിഴ്നാട് സംസ്ഥാന ഗാനമായി ഔദ്യോഗിക അംഗീകാരമുണ്ട്. 1970 മുതൽ സർക്കാർ പരിപാടികളുടെ തുടക്കത്തിൽ ഇത് ആലപിക്കുന്ന രീതിയും നിലവിലുണ്ട്.