വിവാഹാഭ്യർത്ഥന നിരസിച്ചതിന് അധ്യാപികയെ യുവാവ് ക്ലാസ് മുറിയിൽ കുത്തിക്കൊന്നു
ചെന്നൈ: തമിഴ്‌നാട്ടിൽ അധ്യാപിക ക്ലാസ് മുറിക്കുള്ളിൽ കുത്തേറ്റു മരിച്ചു. തഞ്ചാവൂർ മല്ലിപട്ടണം സ്വദേശി എം രമണിയാണ് മരിച്ചത്. മല്ലിപ്പട്ടണത്തെ സർക്കാർ സ്‌കൂളിൽ ബുധനാഴ്ച രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
എം മദനൻ കുമാർ (30) ആണ് പ്രതി. വിവാഹാഭ്യർത്ഥന നിരസിച്ചതിന് 26 കാരിയായ അധ്യാപികയെ വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് ക്ലാസ് മുറിയിൽ കുത്തിക്കൊന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ രമണിയെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മാസം മുമ്പാണ് രമണി സ്കൂളിൽ ചേർന്നത്.
ഇരുവരും ഒരേ ഗ്രാമത്തിലാണ് താമസിക്കുന്നത്. വിവാഹാഭ്യർത്ഥനയുമായി മദനൻ വീട്ടുകാരെ സമീപിച്ചെങ്കിലും അവർ അത് നിരസിച്ചു. ഗ്രാമത്തിലെ ചില മുതിർന്നവർ മദനനെ വിളിച്ച് ഉപദേശിച്ചു. വിവാഹാഭ്യർത്ഥനയിൽ നിന്ന് പിന്മാറാനും അവർ ആവശ്യപ്പെട്ടു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.