ഡൽഹി മെട്രോയിൽ സംഘർഷം; യുവതിയുടെ ചിത്രം രഹസ്യമായി പകർത്തിയെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥനെതിരെ ആരോപണം
ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യുവതിയുടെ ചിത്രം അനുമതിയില്ലാതെ പകർത്തിയെന്നാരോപിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥനെ യാത്രക്കാർ ചോദ്യം ചെയ്തതിനെ തുടർന്ന് സംഘർഷം. ശനിയാഴ്ച രാത്രി യെല്ലോ ലൈനിലെ എയിംസ് മെട്രോ സ്റ്റേഷനിൽ സമീപത്താണ് സംഭവം നടന്നതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
യുവതിയുടെയും മറ്റ് യാത്രക്കാരുടെയും ആവശ്യപ്രകാരം ഉദ്യോഗസ്ഥന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് യുവതിയുടെ ചിത്രങ്ങൾ ഗാലറിയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ വാക്കുതർക്കം രൂക്ഷമായി.
തുടർന്ന് യാത്രക്കാരും ഉദ്യോഗസ്ഥനും തമ്മിൽ കൈയാങ്കളിയുണ്ടായതായും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്.
സംഭവത്തിന് പിന്നാലെ ആരോപണവിധേയനായ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും സിഐഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. രാത്രി 12.40ഓടെ സംഭവത്തെക്കുറിച്ച് പൊലീസിന് പിസിആർ കോൾ ലഭിച്ചിരുന്നു. എന്നാൽ യുവതി പിന്നീട് ഔദ്യോഗിക പരാതി നൽകിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.