ഭീകര ഗൂഢാലോചന കേസ്: അമേരിക്കൻ പൗരന് ഡൽഹി കോടതിയുടെ ഡിഫോൾട്ട് ജാമ്യം

എൻഐഎ കുറ്റപത്രം അപൂർണമെന്ന നിരീക്ഷണം
 
judgement

ന്യൂഡൽഹി: ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത അമേരിക്കൻ പൗരന് ഡൽഹി കോടതി ഡിഫോൾട്ട് ജാമ്യം അനുവദിച്ചു. അമേരിക്കൻ പൗരനായ മാത്യു ആരൺ വാൻഡൈക്കിനാണ് പ്രത്യേക എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണം നിയമപരമായി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനായില്ലെന്നതായിരുന്നു ജാമ്യഹർജിയിലെ പ്രധാന വാദം.

മാർച്ച് 13നാണ് വാൻഡൈക്കിനെ മറ്റ് ആറ് വിദേശ പൗരന്മാർക്കൊപ്പം എൻഐഎ അറസ്റ്റ് ചെയ്തത്. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു അന്വേഷണ ഏജൻസിയുടെ ആരോപണം. കേസിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമായ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമുള്ള അന്വേഷണം തുടരുന്നതിനിടെയാണ് കോടതിയുടെ പുതിയ ഉത്തരവ്.

എൻഐഎ സമർപ്പിച്ച കുറ്റപത്രം അപൂർണമാണെന്നും അതിൽ പ്രധാനമായും ഇമിഗ്രേഷൻ ആൻഡ് ഫോറിൻേഴ്സ് ആക്ടുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. യുഎപിഎ പ്രകാരമുള്ള അന്വേഷണം അപ്പോഴും പൂർത്തിയായിരുന്നില്ല. അന്വേഷണം പൂർത്തിയാക്കുന്നതിനുള്ള നിയമപരമായ സമയപരിധി സെപ്റ്റംബർ 8ന് അവസാനിച്ച സാഹചര്യത്തിൽ, അപൂർണമായ കുറ്റപത്രം സമർപ്പിച്ച് ഡിഫോൾട്ട് ജാമ്യം തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

യുഎപിഎ കേസുകളിൽ പ്രത്യേക സാഹചര്യങ്ങളിൽ അന്വേഷണം പൂർത്തിയാക്കാനുള്ള കാലാവധി 180 ദിവസം വരെ നീട്ടാൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ അതിനായി നിയമത്തിൽ പറയുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. കേസിലെ മറ്റ് പ്രതികൾക്കും സമാനമായ സാഹചര്യത്തിൽ ഡിഫോൾട്ട് ജാമ്യത്തിന് അർഹതയുണ്ടാകാമെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. അന്വേഷണം അവസാനിച്ചതിനുശേഷം കേസിന്റെ തുടർനടപടികൾ എന്താകുമെന്നത് ഇനി നിർണായകമാകും.