40 അടി ഉയരമുള്ള മേൽപ്പാലത്തിൽ തൂങ്ങിക്കിടക്കുന്ന ബസ്, അകത്ത് നിരവധി യാത്രക്കാർ

 
Bus

ബെംഗളൂരു: ഗതാഗതക്കുരുക്ക് കാരണം ഇന്ത്യയിലെ റോഡുകൾ നിരവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. എന്നാൽ മേൽപ്പാലങ്ങൾ നിലവിൽ വന്നതോടെ അപകടങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.

കൂടാതെ നഗരങ്ങളിലെ പ്രധാന ജംഗ്ഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിൽ മേൽപ്പാലങ്ങൾ വലിയ പങ്ക് വഹിക്കുന്നു. എന്നിരുന്നാലും മേൽപ്പാലങ്ങളിലെ അപകടങ്ങൾ ഭയപ്പെടുത്തുന്നതാണ്. ഫ്‌ളൈ ഓവറിൽ ഉണ്ടായ അപകടത്തിൻ്റെ ഭീകരത കാണിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബെംഗളൂരുവിലെ ഫ്‌ളൈ ഓവറിൽ ബസ് അപകടത്തിൽപ്പെട്ടതിൻ്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ബെംഗളൂരുവിലെ 40 അടി ഉയരമുള്ള മേൽപ്പാലത്തിൽ ബസ് തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ക്രിസ്റ്റ്യൻ മാത്യു ഫിലിപ്പ് എന്ന ഉപയോക്താവാണ് ബസിൻ്റെ വീഡിയോയും ചിത്രങ്ങളും എക്‌സിൽ പങ്കുവെച്ചത്. നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

മേയ് 18നാണ് അപകടമുണ്ടായത്. തുംകൂർ റോഡിൽ നെല്ലമംഗലയ്ക്ക് സമീപം മദനായകനഹള്ളി പാലത്തിൽ വച്ച് കെഎസ്ആർടിസി (കർണാടക) ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറുമടക്കം എട്ട് പേർക്ക് പരിക്കേറ്റു. 

ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ മുൻഭാഗം പൂർണമായും തകർന്ന് അൽപനേരം മേൽപ്പാലത്തിൽ തൂങ്ങിക്കിടന്നു. ദൗർഭാഗ്യവശാൽ ബസ് സമീപത്തെ ഫ്‌ളൈ ഓവറിൻ്റെ റാമ്പിൽ ഇടിച്ചതിനാൽ വീണില്ല.

അപകടത്തെ തുടർന്ന് മേൽപ്പാലത്തിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നിരവധി പേർ സോഷ്യൽ മീഡിയയിൽ ആരോപിച്ചു. ‘ബെംഗളൂരുവിലെ ചില ഡ്രൈവർമാർ വാഹനം ഓടിക്കുമ്പോൾ മൊബൈലിൽ സിനിമകൾ പോലും കാണുന്നു’ എന്ന് ഒരു ഉപയോക്താവ് എഴുതി.