കനൗജ് റെയിൽവേ സ്റ്റേഷന്റെ സീലിംഗ് സ്ലാബ് തകർന്നു; നിരവധി പേർ കുടുങ്ങി
ലഖ്‌നൗ: ഉത്തർപ്രദേശിലെ കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനത്തിനിടെ സീലിംഗ് സ്ലാബ് തകർന്നു. നിരവധി തൊഴിലാളികൾക്കും റെയിൽവേ ജീവനക്കാർക്കും പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എസ്ഡിആർഎഫ്, ജിആർപി, ആർപിപി, ലോക്കൽ പോലീസ് എന്നിവരുടെ സംഘങ്ങൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു. അപകടസമയത്ത് 40 ഓളം പേർ സ്ഥലത്തുണ്ടായിരുന്നു എന്നാണ് സൂചന. ഇതിൽ 23 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അമൃത് ഭാരത് പദ്ധതിയുടെ കീഴിൽ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി രണ്ട് നില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നിസാര പരിക്കേറ്റവർക്ക് 5,000 രൂപയും നൽകുമെന്ന് റെയിൽവേ പ്രഖ്യാപിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് കനൗജ് നിയോജകമണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയും ഉത്തർപ്രദേശ് സാമൂഹികക്ഷേമ മന്ത്രിയുമായ അസിം അരുൺ പറഞ്ഞു.