രണ്ട് ആവശ്യങ്ങളിൽ കേന്ദ്രം അനുകൂല നിലപാട്; ധർമേന്ദ്ര പ്രധാൻ രാജി ആവശ്യത്തിൽ നാളെയുവരെ സമയം തേടി

 
National

ന്യൂഡൽഹി: സി.ജെ.പി (CJP) പ്രതിനിധികളുമായി നടന്ന രണ്ടാംഘട്ട ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ കേന്ദ്രസർക്കാർ അനുകൂല സമീപനം സ്വീകരിച്ചതായി സംഘടന അറിയിച്ചു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന പ്രധാന ആവശ്യത്തിൽ മറുപടി നൽകാൻ ശനിയാഴ്ച ഉച്ചവരെ സമയം തേടിയതായും സി.ജെ.പി നേതാക്കൾ വ്യക്തമാക്കി. 

ആത്മഹത്യ ചെയ്തതായി പറയപ്പെടുന്ന നീറ്റ് പരീക്ഷാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ നിയമനടപടികൾ പിൻവലിക്കുക എന്നീ രണ്ട് ആവശ്യങ്ങളിൽ കേന്ദ്രം തത്വത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതായാണ് സി.ജെ.പിയുടെ വിശദീകരണം. 

അതേസമയം, ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയോ സ്ഥാനത്ത് നിന്ന് നീക്കപ്പെടുകയോ ചെയ്യണമെന്ന ആവശ്യത്തിൽ സംഘടന ഉറച്ചുനിൽക്കുകയാണ്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ആഭ്യന്തര ചർച്ചകൾക്ക് ശേഷം ശനിയാഴ്ച വീണ്ടും മറുപടി നൽകുമെന്ന് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും അറിയിച്ചതായി സി.ജെ.പി നേതാക്കൾ പറഞ്ഞു.