കോൺഗ്രസിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും തുല്യമായ അവസരം ലഭിച്ചിട്ടില്ല; ബിജെപിക്കെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി
കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതുമുതൽ കോൺഗ്രസിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും തുല്യമായ രാഷ്ട്രീയ സാഹചര്യം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കും വലിയ നാശമുണ്ടായതായും അവർ ആരോപിച്ചു.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഭരണകൂടത്തിന് വലിയ സ്വാധീനമുണ്ടെന്നും മുഖ്യധാരാ മാധ്യമങ്ങളെയും സാമ്പത്തിക ശക്തിയെയും മതത്തെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നും അവർ ആരോപിച്ചു.
കോൺഗ്രസിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പാർട്ടി ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും മുന്നേറ്റം നടത്തുന്നുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു. പാർട്ടി പ്രവർത്തകരും നേതാക്കളും വിവിധ തരത്തിലുള്ള സമ്മർദങ്ങളും നടപടികളും നേരിടുന്നുണ്ടെങ്കിലും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പ്രവർത്തനം തുടരുകയാണെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ മാസങ്ങളിലെ സംഭവങ്ങൾ നിരവധി തിരഞ്ഞെടുപ്പുകളിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണങ്ങൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കാൻ കാരണമായെന്നും സോണിയ ഗാന്ധി പറഞ്ഞു. സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് കോൺഗ്രസ് പ്രവർത്തിക്കുകയാണെന്നും പാർട്ടിയുടെ രാഷ്ട്രീയ സാധ്യതകൾ മെച്ചപ്പെട്ടുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.