ദുരന്തത്തിൽ കലാശിച്ച ഉല്ലാസയാത്ര; തമിഴ്‌നാട്ടിലെ തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു

 
Accident

ചെന്നൈ: ഒരു ഉല്ലാസയാത്ര ദുരന്തത്തിൽ കലാശിച്ചു. ഞായറാഴ്ച പുലർച്ചെ 3.45 ന് തമിഴ്‌നാട്ടിലെ തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് യുവാക്കൾ മരിച്ചു. കുറ്റാലം വെള്ളച്ചാട്ടത്തിൽ നിന്ന് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ആറ് യുവാക്കൾ ഉണ്ടായിരുന്നു.

സുഹൃത്തുക്കളായ ആറ് യുവാക്കൾ വാടകയ്ക്ക് കാർ എടുത്താണ് കുറ്റാലം വെള്ളച്ചാട്ടത്തിലെത്തിയത്. അവിടെ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. സിമൻ്റ് കയറ്റി വന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ജെസിബി എത്തിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ലോറിയുടെ അടിയിലായ കാറും മൃതദേഹങ്ങളും പുറത്തെടുത്തു.

തെങ്കാശി ചിന്താമണി സ്വദേശികളായ കാർത്തിക്, വേൽ, മനോജ്, സുബ്രഹ്മണ്യൻ, മനോഹരൻ, മുദിരാജ് എന്നിവരാണ് മരിച്ചത്. 17നും 28നും ഇടയിൽ പ്രായമുള്ളവരാണ് യുവാക്കൾ. മൃതദേഹങ്ങൾ തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.