സ്റ്റാലിനെ തോൽപ്പിച്ച 'ജയന്റ് കില്ലർ' വി.എസ്. ബാബുവിന്റെ മരണം
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് അട്ടിമറി നടത്തി മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയ തമിഴക വെട്രി കഴകം (TVK) എം.എൽ.എ വി.എസ്. ബാബു അന്തരിച്ചു. 75 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.24-നായിരുന്നു അന്ത്യം. നീണ്ടുനിന്ന ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സെപ്റ്റംബർ ഒമ്പത് മുതൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ബാബു, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ 8,795 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്റ്റാലിൻ 2011 മുതൽ തുടർച്ചയായി വിജയിച്ചിരുന്ന മണ്ഡലമായിരുന്നു കൊളത്തൂർ. 82,997 വോട്ടുകൾ നേടിയ ബാബു, 74,202 വോട്ടുകൾ നേടിയ സ്റ്റാലിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. ഈ അട്ടിമറി വിജയത്തെ തുടർന്നാണ് അദ്ദേഹം 'ജയന്റ് കില്ലർ' എന്ന വിശേഷണം നേടിയത്.
രാഷ്ട്രീയ ജീവിതം ഡി.എം.കെയിലൂടെ ആരംഭിച്ച ബാബു 2006-ൽ പുരസൈവാക്കം മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് 2016-ൽ എ.ഐ.എ.ഡി.എം.കെയിൽ ചേർന്ന അദ്ദേഹം 2026 ഫെബ്രുവരി ഏഴിനാണ് വിജയ്യുടെ നേതൃത്വത്തിലുള്ള ടി.വി.കെയിൽ എത്തിയത്. തുടർന്നാണ് സ്റ്റാലിനെതിരെ കൊളത്തൂരിൽ മത്സരിച്ച് വിജയിച്ചത്.
ബാബുവിന്റെ മരണത്തോടെ 234 അംഗ തമിഴ്നാട് നിയമസഭയിൽ ആറ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരുന്തുറൈ, അമ്പാസമുദ്രം, വിരാലിമലൈ, കരൂർ എന്നീ മണ്ഡലങ്ങൾ നേരത്തേ ഒഴിവുവന്നിരുന്നു. കൊളത്തൂർ കൂടി ഒഴിവായതോടെ ഈ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമാണുള്ളത്. ബാബുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്, എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.