ഇന്ത്യ-ചൈന അതിർത്തി പ്രശ്നം പരിഹരിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും മോദി പറഞ്ഞു

 
Modi
Modi

ന്യൂഡൽഹി: ഉഭയകക്ഷി ഇടപെടലിലെ അപാകത പരിഹരിക്കാൻ ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ അടിയന്തരമായി പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും സുപ്രധാനമായ ബന്ധമാണ് പങ്കിടുന്നതെന്നും സുസ്ഥിരമായ ഇന്ത്യ-ചൈന ബന്ധം ലോകത്തിന് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസിലെ ന്യൂസ് വീക്ക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി തുറന്ന് പറഞ്ഞത്. ചൈനയുമായുള്ള ബന്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. നമ്മുടെ ഉഭയകക്ഷി ഇടപെടലുകളിലെ അപാകത പരിഹരിക്കാൻ നമ്മുടെ അതിർത്തിയിൽ നിലനിൽക്കുന്ന സാഹചര്യം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നാണ് എൻ്റെ വിശ്വാസം. ക്രിയാത്മകമായ ഉഭയകക്ഷി ഇടപെടലിലൂടെ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങൾക്കും കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും സമാധാനപരവുമായ ബന്ധം നമ്മുടെ രണ്ട് രാജ്യങ്ങൾക്ക് മാത്രമല്ല, ലോകത്തിന് തന്നെ പ്രധാനമാണ്. നയതന്ത്ര തലത്തിലും സൈനിക തലത്തിലും ക്രിയാത്മകമായ ഉഭയകക്ഷി ഇടപെടലിലൂടെ ബന്ധം വളർത്തിയെടുക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. നമുക്ക് നമ്മുടെ അതിർത്തികളിൽ സമാധാനം പുനഃസ്ഥാപിക്കാനും നിലനിർത്താനും സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗാൽവാൻ താഴ്‌വരയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിലുള്ള ഏറ്റുമുട്ടൽ 2020-ൽ ഇന്ത്യ ചൈന തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. അന്നത്തെ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതിന് ശേഷം നയതന്ത്ര തലത്തിലും സൈനിക തലത്തിലും നിരവധി ചർച്ചകൾ നടന്നു. 2019ലെ പുൽവാമ ആക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ഇന്ത്യ-പാക് ബന്ധത്തെക്കുറിച്ചും അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.