'അഞ്ച് വർഷത്തിനിടെ മൂന്ന് തവണ നീറ്റ് ചോദ്യപേപ്പർ ചോർന്നു; എന്നിട്ടും ഉത്തരവാദിത്തം ഏറ്റെടുത്തില്ല': കെ. അണ്ണാമലൈ
Lനീറ്റ് പരീക്ഷയെ തുടർച്ചയായി പിന്തുണച്ചിരുന്ന മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ, ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് തവണ നീറ്റ് ചോദ്യപേപ്പർ ചോർന്നിട്ടും ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
വിദ്യാർഥികളുടെ പ്രതിഷേധം ആവർത്തിച്ച ചോദ്യപേപ്പർ ചോർച്ചകളും സംവിധാനത്തിലുള്ള വീഴ്ചകളും മൂലമാണെന്ന് അണ്ണാമലൈ പറഞ്ഞു. വിദ്യാർഥികളുമായി അർഥവത്തായ ചർച്ച നടത്താനും സുതാര്യത ഉറപ്പാക്കാനും പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പ്രതിഷേധം വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾക്കെതിരെ വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
നീറ്റ് രാജ്യത്തുടനീളം മെഡിക്കൽ പ്രവേശനത്തിൽ ഏകീകൃത മാനദണ്ഡം ഉറപ്പാക്കുകയും പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് അവസരം നൽകുകയും ചെയ്തതിനാലാണ് താൻ വർഷങ്ങളായി പരീക്ഷയെ പിന്തുണച്ചതെന്നും അണ്ണാമലൈ വ്യക്തമാക്കി. എന്നാൽ ആവർത്തിച്ച ചോദ്യപേപ്പർ ചോർച്ചകൾ വിദ്യാർഥികളുടെ വിശ്വാസത്തെ തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.