വാങ്‌ചുക്കിനെ കാണാൻ ആരെ അനുവദിക്കണമെന്ന് പോലും പൊലീസ് തീരുമാനിക്കുന്നു
ഡൽഹിയിൽ ചികിത്സയിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ കാണാൻ ആരെ അനുവദിക്കണമെന്നത് പോലും പൊലീസ് തീരുമാനിക്കുകയാണെന്ന് ആരോപിച്ച് ഭാര്യ ഗീതാഞ്ജലി ആംഗ്മോ രംഗത്തെത്തി. ആശുപത്രിക്ക് പുറത്തും അകത്തും കനത്ത പൊലീസ് സാന്നിധ്യമാണുള്ളതെന്നും സന്ദർശകരുടെ പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങളാണുള്ളതെന്നും അവർ പറഞ്ഞു.
ലഡാക്കിൽ നിന്നുള്ള നിരവധി നേതാക്കളും വാങ്‌ചുക്കിനെ കാണാനെത്തിയെങ്കിലും മണിക്കൂറുകളോളം കാത്തിരുന്നിട്ടും അനുമതി ലഭിച്ചില്ലെന്ന് ഗീതാഞ്ജലി ആരോപിച്ചു. ആശുപത്രി ചികിത്സാ കേന്ദ്രത്തേക്കാൾ നിയന്ത്രണ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും അവർ വിമർശിച്ചു.
വാങ്‌ചുക്കിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം സ്വതന്ത്രമായി ആളുകളെ കാണാൻ കഴിയാത്ത സാഹചര്യവും കുടുംബം നേരത്തെ തന്നെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ആശുപത്രിയിലെ കർശന നിയന്ത്രണങ്ങൾ സംബന്ധിച്ച് ഡൽഹി ഹൈക്കോടതിയെയും അവർ സമീപിച്ചിട്ടുണ്ട്.