മഹാരാഷ്ട്രയിൽ ഹനുമാൻ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നു വീണു; മൂന്ന് മരണം, നിരവധി പേരെ രക്ഷപ്പെടുത്തി
മഹാരാഷ്ട്രയിലെ പർഭണി ജില്ലയിലെ യശ്വാഡി ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ ശനിയാഴ്ച ഉണ്ടായ ദാരുണ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നിർമ്മാണത്തിലിരുന്ന ക്ഷേത്രത്തിന്റെ സഭാമണ്ഡപത്തിന്റെ മേൽക്കൂര തകർന്നു വീണതോടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് ക്ഷേത്രത്തിൽ മതപരമായ ചടങ്ങിൽ പങ്കെടുത്തിരുന്ന നിരവധി ഭക്തർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി.
അപകടം നടന്നയുടൻ പൊലീസ്, അഗ്നിരക്ഷാസേന, ദേശീയ ദുരന്തനിവാരണ സേന, പ്രാദേശിക ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ വൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ നിരവധി പേരെ സുരക്ഷിതമായി പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
ശനിയാഴ്ചയായതിനാൽ ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്കുണ്ടായിരുന്നു. ഇതേ സമയം സഭാമണ്ഡപത്തിന്റെ നിർമ്മാണപ്രവർത്തനവും നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് കോൺക്രീറ്റ് മേൽക്കൂരയും അനുബന്ധ ഭാഗങ്ങളും തകർന്നു വീണ് അപകടമുണ്ടായത്.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കയ്ക്കിടെ രക്ഷാപ്രവർത്തനം മണിക്കൂറുകളോളം തുടർന്നു.
അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിർമ്മാണത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നും നിർമാണത്തിൽ അശ്രദ്ധയുണ്ടായോയെന്നും പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.