ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ചെന്നായയുടെ ആക്രമണം ആവർത്തിച്ചു; 11 വയസ്സുകാരി ആശുപത്രിയിൽ
1996ലെ ആക്രമണത്തിന് ശേഷമുള്ള മറ്റൊരു പ്രതികാര കഥയാണോ ഇത്?


ലഖ്‌നൗ: ചെന്നായ്ക്കളുടെ പിടിയിൽ അകപ്പെട്ട ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ വീണ്ടും ആക്രമണം. ചെന്നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 11 വയസ്സുകാരി ചികിത്സയിലാണ്. ഈ ചെന്നായയെ പിടികൂടാൻ വനംവകുപ്പും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇവിടെ ചെന്നായയുടെ ആക്രമണത്തിൽ ഒമ്പത് കുട്ടികളടക്കം 10 പേർക്കാണ് ജീവൻ നഷ്ടമായത്. 36 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം വനംവകുപ്പ് ചെന്നായയെ പിടികൂടിയിരുന്നു. ഇതുവരെ അഞ്ച് ചെന്നായകളെ പിടികൂടിയിട്ടുണ്ട്. ചെന്നായ്ക്കളെ പിടികൂടാൻ 'ഓപ്പറേഷൻ ഭേദിയ' എന്ന പേരിൽ പ്രത്യേക ദൗത്യം ആരംഭിച്ചെങ്കിലും ആക്രമണങ്ങൾക്ക് കുറവുണ്ടായിട്ടില്ല. ഡ്രോണുകളും ഇതിനായി ഉപയോഗിക്കുന്നു
തിരച്ചിൽ.
ചെന്നായ്ക്കളെ ഭയന്ന് രണ്ട് മാസമായി ലോക്ക്ഡൗണിന് സമാനമായ അവസ്ഥയിലാണ് ഗ്രാമം. വീടിനുള്ളിൽ അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പോലും ചെന്നായ കൊണ്ടുപോയി കൊന്നു. ചില മൃതദേഹങ്ങൾ ഭാഗികമായി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികൾ ജോലിക്കും കുട്ടികൾ സ്‌കൂളിലും പോകുന്നില്ല. ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാനും ജാഗ്രത പാലിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ചെന്നായകൾക്ക് പ്രതികാരം ചെയ്യാനുള്ള പ്രവണത കൂടുതലാണ്. ഏതെങ്കിലും തരത്തിലുള്ള പ്രതികാരമാണ് ഇപ്പോഴത്തെ ആക്രമണങ്ങൾക്ക് കാരണമെന്ന് ചില വനംവകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നു. 1996-ൽ പ്രതാപ്ഗഡിലും സമീപ ജില്ലകളായ സുൽത്താൻപൂരിലും ജൗൻപൂരിലും 60-ലധികം കുട്ടികളെ ചെന്നായ്ക്കൾ കൊന്നു. പ്രദേശത്ത് ചില കുട്ടികൾ രണ്ട് ചെന്നായക്കുട്ടികളെ കൊന്നതിന് ശേഷമാണ് ഇത് സംഭവിച്ചത്.