ആശയക്കുഴപ്പമില്ല; ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടക്കും

 
amith sha

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 370 സീറ്റുകൾ നേടി ബിജെപി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു. ഇ ടി നൗ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മുസ്ലീം സഹോദരങ്ങൾ പൗരത്വ ഭേദഗതി നിയമത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അയൽരാജ്യങ്ങളായ പാകിസ്താൻ അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും മതപരമായ പീഡനം നേരിട്ട ആളുകൾക്ക് പൗരത്വം നൽകുന്നതിന് മാത്രമാണ് ഈ ഭേദഗതി അർത്ഥമാക്കുന്നത്.

ആശയക്കുഴപ്പം ഉണ്ടാകാൻ പാടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിഎഎയുടെ വിജ്ഞാപനം പൂർത്തിയാക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് എൻഡിഎ-ഇന്ത്യ സഖ്യം തമ്മിലുള്ളതല്ല. വികസനത്തിനായി പ്രവർത്തിക്കുന്നവരും മുദ്രാവാക്യം വിളിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണിത്.

അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ നയാ യാത്രയെയും അമിത് ഷാ വിമർശിച്ചു. ഇന്ത്യയുടെ വിഭജനത്തിന് കാരണക്കാരനായ നെഹ്‌റു കുടുംബത്തിൻ്റെ അനന്തരാവകാശിയായിരുന്നതിന് ശേഷം ഇന്ത്യയെ ഏകീകരിക്കാൻ ഇത്തരമൊരു യാത്ര തുടരാൻ രാഹുലിന് ധാർമ്മിക അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.