'എന്നെ തൂക്കിലേറ്റണമെന്നും ജീവനോടെ കത്തിക്കണമെന്നുമാഗ്രഹിച്ചവർ ആത്മപരിശോധന നടത്തണം

കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ ശരൺ സിങ്
 
National

വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമക്കേസിൽ ഡൽഹി കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മുൻ ഡബ്ല്യുഎഫ്ഐ അധ്യക്ഷനും മുൻ ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് പ്രതികരിച്ചു. “എന്നെ തൂക്കിലേറ്റണമെന്നും ജീവനോടെ കത്തിക്കണമെന്നുമാഗ്രഹിച്ചവർ ഇപ്പോൾ ആത്മപരിശോധന നടത്തേണ്ട സമയമാണ്” എന്ന് അദ്ദേഹം പറഞ്ഞു. 

താൻ തുടക്കം മുതൽ തന്നെ നിരപരാധിയാണെന്നും നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടായിരുന്നുവെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നെങ്കിൽ താൻ തന്നെ ജീവൻ ഒടുക്കുമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

ആറ് വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിലായിരുന്നു ഡൽഹി കോടതി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെയും മുൻ ഡബ്ല്യുഎഫ്ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറെയും കുറ്റവിമുക്തരാക്കിയത്. പ്രോസിക്യൂഷന് കുറ്റം സംശയാതീതമായി തെളിയിക്കാനായില്ലെന്നാണ് കോടതി കണ്ടെത്തിയത്.