മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭീഷണിപരാമർശം; ഡി.എം.കെ എം.എൽ.എ ജി.വി. മാർക്കണ്ടേയൻ അറസ്റ്റിൽ

 
Vijay

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ ഭീഷണിപ്പെടുത്തുന്നതും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഡി.എം.കെ എം.എൽ.എ ജി.വി. മാർക്കണ്ടേയനെ പൊലീസ് അറസ്റ്റ് ചെയ്തു. വിലാത്തിക്കുളം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മാർക്കണ്ടേയനെ തൂത്തുക്കുടിയിലെ വസതിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ജൂലൈ 18-ന് കോവിൽപട്ടിയിൽ നടന്ന പൊതുയോഗത്തിൽ നടത്തിയ പ്രസംഗത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഭീഷണി, പൊതുസമാധാനം തകർക്കാൻ സാധ്യതയുള്ള പരാമർശങ്ങൾ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് എം.എൽ.എയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

അതേസമയം, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഡി.എം.കെ ആരോപിച്ചു. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ പരാതിയെ തുടർന്നാണ് നടപടിയെന്നും, സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.