ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥനെ വലിച്ചിഴച്ചതിന് മൂന്ന് പേർ അറസ്റ്റിൽ


ഭുവനേശ്വർ: ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച് ഓഫീസിൽ നിന്ന് വലിച്ചിഴച്ചു. ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ തിങ്കളാഴ്ച രാവിലെ ഒരു ജനക്കൂട്ടം ആക്രമിച്ചു.
പരാതി കേൾക്കുന്നതിനിടെ ബിഎംസി അഡീഷണൽ കമ്മീഷണർ രത്‌നാകർ സാഹുവിനെ ആക്രമിച്ചു. ബിജെപി നേതാവ് ജഗന്നാഥ് പ്രധാനോട് മോശമായി പെരുമാറിയതിന് ജനക്കൂട്ടം അദ്ദേഹത്തിന്റെ ചേംബറിൽ അതിക്രമിച്ചു കയറി അദ്ദേഹത്തെ ആക്രമിച്ചു.
ജനക്കൂട്ടം അദ്ദേഹത്തെ ഓഫീസിൽ നിന്ന് വലിച്ചിഴച്ച് മുഖത്ത് പലതവണ തല്ലുകയും ചവിട്ടുകയും ചെയ്യുന്നത് കണ്ടു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അവർ അദ്ദേഹത്തെ ബലമായി വാഹനത്തിലേക്ക് കൊണ്ടുപോകാനും ശ്രമിച്ചു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജീവൻ റൗത്ത് രശ്മി മഹാപത്ര, ദേബാഷിഷ് പ്രധാന് എന്നിവരെ അറസ്റ്റ് ചെയ്തു.
ആക്രമണത്തെത്തുടർന്ന് പ്രതിപക്ഷ പാർട്ടികളും ബിഎംസി ജീവനക്കാരും റോഡുകൾ ഉപരോധിക്കുകയും പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തു. ഒഡീഷ അഡ്മിനിസ്ട്രേഷൻ സർവീസ് അസോസിയേഷൻ ഇന്ന് മുതൽ കൂട്ട അവധിയെടുത്തു. സാഹുവിനെതിരായ ആക്രമണത്തെ ഭരണകക്ഷിയായ ബിജെപിയും വിമർശിച്ചു.
ആക്രമണം ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന് ബരാബതി കട്ടക്കിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സോഫിയ ഫിർദൗസ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സുരക്ഷിതനല്ലെങ്കിൽ സാധാരണ പൗരന്മാർക്ക് എങ്ങനെ സുരക്ഷിതരായിരിക്കാൻ കഴിയും? ഇത് മുഴുവൻ ഭരണത്തിനും നിയമവാഴ്ചയ്ക്കും നേരെയുള്ള ആക്രമണമാണ്, അവർ തന്റെ എക്സ് ഹാൻഡിൽ എഴുതി.