ബിജെപി നേതാവുമായുള്ള തർക്കത്തിന് പിന്നാലെ സ്ഥലംമാറ്റം; ആരാണ് ഐഎഎസ് ഉദ്യോഗസ്ഥൻ റിങ്കു സിംഗ് റാഹി?
ഉത്തർപ്രദേശിലെ ജലൗൺ തഹസിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റായി (SDM) പ്രവർത്തിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ റിങ്കു സിംഗ് റാഹിയെ ബിജെപി ബ്ലോക്ക് പ്രമുഖുമായുണ്ടായ വിവാദത്തിന് പിന്നാലെ അടിയന്തരമായി സ്ഥലംമാറ്റി. ജലൗൺ എസ്ഡിഎം സ്ഥാനത്ത് നിന്ന് ഒറായിയിലെ ജുഡീഷ്യൽ എസ്ഡിഎം ആയി നിയമിക്കുകയായിരുന്നു. സ്ഥലംമാറ്റത്തിന് ഔദ്യോഗികമായി കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തർക്കമാണ് ഇതിന് പശ്ചാത്തലമെന്നാണ് റിപ്പോർട്ടുകൾ.
ജൂൺ 23-ന് ഒരു കോൾഡ് സ്റ്റോറേജ് സ്ഥാപനം പരിശോധിക്കുന്നതിനിടെയാണ് ബിജെപി ബ്ലോക്ക് പ്രമുഖ് റാം രാജാ സിംഗ് നിരഞ്ജനും റിങ്കു സിംഗ് റാഹിയും തമ്മിൽ വാക്കുതർക്കമുണ്ടായത്. ഉദ്യോഗസ്ഥൻ തന്നെ തള്ളുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ബിജെപി നേതാവ് ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. എന്നാൽ എല്ലാ ആരോപണങ്ങളും റിങ്കു സിംഗ് റാഹി നിഷേധിച്ചു. പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
റിങ്കു സിംഗ് റാഹി അഴിമതിക്കെതിരായ നിലപാടിലൂടെ ദേശീയ ശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ്. 2004-ൽ ഉത്തർപ്രദേശ് പി.സി.എസ് പരീക്ഷ വിജയിച്ച അദ്ദേഹം 2008-ൽ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറായി നിയമിതനായി. 2009-ൽ വിദ്യാർത്ഥി സ്കോളർഷിപ്പും പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ അഴിമതി പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് ഗുണ്ടാസംഘത്തിന്റെ വെടിയേറ്റു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് താടിക്ക് ഗുരുതര ക്ഷതവും ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു.
തുടർന്ന് 2022-ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ വിജയിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായി. സേവനകാലത്തും പല വിവാദങ്ങളിലൂടെയും അദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചു. 2025-ൽ ഷാജഹാൻപൂരിൽ എസ്ഡിഎം ആയിരിക്കെ പൊതുജനങ്ങൾക്ക് മുന്നിൽ 'ഉഠക്-ബൈഠക്' ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ അദ്ദേഹത്തെ സ്ഥലംമാറ്റിയിരുന്നു. 2026-ൽ മതിയായ ചുമതലകൾ നൽകുന്നില്ലെന്ന് ആരോപിച്ച് രാജിക്കത്ത് നൽകിയതും വലിയ ചർച്ചയായി. പിന്നീട് അദ്ദേഹം വീണ്ടും സർവീസിൽ തുടർന്നു.
ഏറ്റവും പുതിയ വിവാദത്തിനും സ്ഥലംമാറ്റത്തിനും പിന്നാലെ വീണ്ടും ദേശീയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് റിങ്കു സിംഗ് റാഹി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.