മുംബൈയിൽ സ്കൂൾ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു; 11 വയസുകാരൻ മരിച്ചു, നാല് കുട്ടികൾക്ക് പരിക്ക്

 
Nat

മുംബൈയിലെ ചെമ്പൂരിൽ സ്കൂൾ ബസിന് മുകളിലേക്ക് വലിയ മരം കടപുഴകി വീണുണ്ടായ അപകടത്തിൽ 11 വയസുകാരനായ വിദ്യാർഥി മരിച്ചു. അപകടത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റതായും ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം. യൂണിവേഴ്സൽ ഹൈസ്കൂളിലെ വിദ്യാർഥികളുമായി വീടുകളിലേക്ക് പോകുകയായിരുന്ന ബസ് ചെമ്പൂരിലെ റോഡ് നമ്പർ 11-ൽ എത്തിയപ്പോഴാണ് റോഡരികിലുണ്ടായിരുന്ന പഴക്കമേറിയ അരയാൽമരം കടപുഴകി ബസിന് മുകളിലേക്ക് വീണത്. അപകടസമയത്ത് ബസിലുണ്ടായിരുന്ന കുട്ടികളെ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഉടൻ പുറത്തെടുത്ത ശേഷം അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം നടത്തി. 

ഗുരുതരമായി പരിക്കേറ്റ 11 വയസുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് നാല് കുട്ടികളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

മൺസൂൺ മഴയെ തുടർന്നാണ് മരം കടപുഴകി വീണതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC), മരം വീഴാൻ കാരണമായ സാഹചര്യങ്ങളും സുരക്ഷാ വീഴ്ചകളുമെല്ലാം പരിശോധിക്കുമെന്ന് അറിയിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു.