ബെംഗളൂരുവിലെ ഹോട്ടൽ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾ മരിച്ചു

 
Dead

ബെംഗളൂരു: ബെംഗളൂരുവിലെ ആഡംബര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റെന്ന സംശയത്തെത്തുടർന്ന് രണ്ട് വിദേശ പൗരന്മാർ മരിച്ചു. ജർമനി, സ്ലൊവാക്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ഹലസൂരുവിലെ കോൺറാഡ് ഹോട്ടലിൽ അപകടമുണ്ടായത്.

ഹോട്ടലിന്റെ മൂന്നാം നിലയിലുള്ള നീന്തൽക്കുളത്തിലാണ് സംഭവം നടന്നത്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ പൗരനായ മാത്യു ഡിസാന്റിസിനും (41) ഹോട്ടലിലെ പൂൾ അറ്റൻഡന്റും ലൈഫ് ഗാർഡുമായ രാഹുൽ തിവാരിക്കും (28) പരിക്കേറ്റു.

പരിക്കേറ്റ ഇരുവരെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തിൽ ബെംഗളൂരു ഈസ്റ്റ് ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് വിക്രം അമതെയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ നീന്തൽക്കുളത്തിലെ വൈദ്യുത സംവിധാനങ്ങളിൽ തകരാറുണ്ടായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.