ഹിമാചൽ പ്രദേശിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പെൺകുട്ടികൾ; ഒരാൾ മരിച്ചു, മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

 
National

ഷിംല: ഹിമാചൽ പ്രദേശിലെ ബിലാസ്പുരിൽ രണ്ട് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ട സംഭവത്തിൽ ഒരാൾ മരിച്ചു. കാണാതായ രണ്ടാമത്തെ പെൺകുട്ടിക്കായി പൊലീസ്, അഗ്നിരക്ഷാസേന, രക്ഷാപ്രവർത്തകർ എന്നിവർ തിരച്ചിൽ തുടരുകയാണ്. ബിലാസ്പുരിലെ ഘുമാർവിൻ മേഖലയിലുള്ള സീർ ഖഡ് അരുവിയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനികളായ 14, 15 വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും സുഹൃത്തുക്കളായിരുന്നു.

ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ബർമാണ മേഖലയിലെ താമസക്കാരായ പെൺകുട്ടികൾ പരീക്ഷ എഴുതാനായി സുന്ദർനഗറിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് പുറപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് ഇവരെ ഘുമാർവിൻ മേഖലയിലുള്ള പാലത്തിന് സമീപം കണ്ടതായി വിവരം ലഭിച്ചു. സംഭവത്തിന് ദൃക്‌സാക്ഷിയായ പ്രദേശവാസിയാണ് അധികൃതരെ വിവരം അറിയിച്ചത്.

വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും ഉടൻ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ 14 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. 15 വയസ്സുകാരിയെ കണ്ടെത്താനായിട്ടില്ല. കാണാതായ പെൺകുട്ടി ഒരു കുടിയേറ്റ തൊഴിലാളി കുടുംബത്തിലെ അംഗമാണെന്നാണ് റിപ്പോർട്ടുകൾ.

രാത്രിയായതോടെ കാഴ്ചപരിമിതിയും അരുവിയിലെ വെള്ളത്തിന്റെ തണുപ്പും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഇതേത്തുടർന്ന് ഞായറാഴ്ച രാത്രി തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. തിങ്കളാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മരിച്ച പെൺകുട്ടിയുടെ മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

പെൺകുട്ടികൾ അപകടത്തിൽപ്പെട്ട സാഹചര്യവും സംഭവത്തിലേക്ക് നയിച്ച കാരണങ്ങളും ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ബിലാസ്പുർ പൊലീസ് സൂപ്രണ്ട് അഭിഷേക് ധിമാൻ അറിയിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും കാണാതായ പെൺകുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.