ഉദ്ധവ് താക്കറെക്ക് വീണ്ടും തിരിച്ചടി; എംപി ഷിൻഡെ ശിവസേനയിലേക്ക്, ആറുപേർ കൂടി മറുകണ്ടം ചാടാൻ സാധ്യത
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നിർണായക നീക്കങ്ങൾ. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വിഭാഗത്തിലെ ലോക്സഭാ എംപി നാഗേഷ് പാട്ടീൽ അഷ്ടികർ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേക്ക് ചേക്കേറുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്വന്തം മണ്ഡലത്തിന്റെ വികസനത്തിനാവശ്യമായ ഫണ്ട് ലഭിക്കാത്തതാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
അഷ്ടികറിന് പിന്നാലെ യുബിടിയിലെ ആറോളം എംപിമാർ കൂടി ഷിൻഡെ പക്ഷത്തേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ നീക്കം യാഥാർഥ്യമായാൽ ലോക്സഭയിൽ ഉദ്ധവ് താക്കറെയുടെ പാർട്ടിക്ക് വലിയ തിരിച്ചടിയാകും.
അതേസമയം, പാർട്ടി വിട്ടുപോകുന്ന എംപിമാർക്കെതിരെ അയോഗ്യതാ നടപടി സ്വീകരിക്കുമെന്ന് യുബിടി നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാർട്ടി വിപ്പ് ലംഘിച്ചതിന്റെ പേരിൽ സ്പീക്കറെ സമീപിക്കുമെന്നും നേതാക്കൾ അറിയിച്ചു.
2022-ലെ ശിവസേന വിഭജനത്തിന് ശേഷം ഉദ്ധവ് താക്കറെയും ഏക്നാഥ് ഷിൻഡെയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം തുടരുന്നതിനിടെയാണ് പുതിയ കൂറുമാറ്റ നീക്കങ്ങൾ. ഈ സംഭവവികാസങ്ങൾ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വീണ്ടും വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.