ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം; ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

 
National

നടി തൃഷയെ പരാമർശിച്ചെന്ന വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ഡി.എം.കെ നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അറസ്റ്റ് ചെയ്ത ദിവസം തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി മോചിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

ഉദയനിധിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഈ നിർദേശം നൽകിയത്. ചോദ്യം ചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കണമെന്നും, ആവശ്യപ്പെടുന്ന സമയങ്ങളിൽ അന്വേഷണത്തിനായി ഹാജരാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

തൃഷയെ പരാമർശിച്ച് നടത്തിയെന്നാരോപിക്കപ്പെടുന്ന വിവാദ പ്രസംഗത്തെ തുടർന്നാണ് ഉദയനിധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, അദ്ദേഹത്തെ ജുഡീഷ്യൽ റിമാൻഡിൽ വിടാനുള്ള ഉദ്ദേശമില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നും തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.