RSS നേതാക്കൾക്ക് നയതന്ത്ര പരിഗണന നൽകരുതെന്ന് USCIRF ഉദ്യോഗസ്ഥൻ
RSS നേതാക്കൾക്ക് അമേരിക്കയിൽ ഉന്നതതല കൂടിക്കാഴ്ചകളോ നയതന്ത്രപരമായ പ്രത്യേക പരിഗണനകളോ നൽകേണ്ടതില്ലെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ (USCIRF) കമ്മീഷണർ ജീൻ മിൽസ്. മതസ്വാതന്ത്ര്യ ലംഘനങ്ങൾക്ക് ഉത്തരവാദികളെന്ന് കണ്ടെത്തുന്ന RSS അംഗങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RSS മേധാവി മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് മുന്നോടിയായാണ് USCIRF ഉദ്യോഗസ്ഥരുടെ പ്രതികരണം. ഓഗസ്റ്റ് 29ന് ന്യൂയോർക്കിൽ നടക്കുന്ന ‘Universal Oneness Celebrations’ പരിപാടിയിൽ പങ്കെടുക്കാനാണ് ഭാഗവത് യുഎസ് സന്ദർശിക്കുന്നത്.
USCIRF ചെയർമാൻ ആസിഫ് മഹ്മൂദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി RSS അംഗമാണെന്നും സംഘടനയുടെ അനുബന്ധ ഗ്രൂപ്പുകൾ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടത്തിയിട്ടുണ്ടെന്നും ആരോപിച്ചു. ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും നേരെയുള്ള ആക്രമണങ്ങളാണ് അദ്ദേഹം പരാമർശിച്ചത്.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ USCIRF നേരത്തെയും വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കമ്മീഷന്റെ റിപ്പോർട്ടുകളെയും വിലയിരുത്തലുകളെയും ഇന്ത്യ സർക്കാർ തള്ളിക്കളഞ്ഞിട്ടുണ്ട്. USCIRF ഇന്ത്യയെക്കുറിച്ച് പക്ഷപാതപരവും വളച്ചൊടിച്ചതുമായ ചിത്രം അവതരിപ്പിക്കുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.