ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ വന്ദേഭാരത്

 
National

ശ്രീനഗർ: ജമ്മു കശ്മീരിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെ വന്ദേഭാരത് ട്രെയിൻ മണിക്കൂറിൽ ഏകദേശം 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചു. ചെനാബ് പാലം ഉൾപ്പെടുന്ന കത്ര–ബനിഹാൽ റെയിൽ പാതയിലെ അനുവദനീയമായ പരമാവധി വേഗം 100 കിലോമീറ്ററായി ഉയർത്തിയതിന് പിന്നാലെയാണ് പുതിയ വേഗപരീക്ഷണം. 

ചെനാബ് നദിക്ക് മുകളിലായി 359 മീറ്റർ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. 1,315 മീറ്റർ നീളമുള്ള പാലം ജമ്മു കശ്മീരിലെ അതീവ ദുഷ്കരമായ ഭൂപ്രദേശത്തിലൂടെയുള്ള ഉധംപൂർ–ശ്രീനഗർ–ബാരാമുള്ള റെയിൽ ലിങ്കിന്റെ പ്രധാന ഭാഗമാണ്. 

നേരത്തെ കത്ര–സംഗൽദാൻ ഭാഗത്ത് മണിക്കൂറിൽ 85 കിലോമീറ്ററും സംഗൽദാൻ–ബനിഹാൽ ഭാഗത്ത് 75 കിലോമീറ്ററുമായിരുന്നു പരമാവധി അനുവദനീയ വേഗം. സുരക്ഷാ മാനദണ്ഡങ്ങൾ പൂർത്തീകരിച്ചതിന് ശേഷമാണ് വേഗപരിധി 100 കിലോമീറ്ററായി ഉയർത്തിയത്. 

വേഗം വർധിപ്പിക്കുന്നതോടെ കത്രയ്ക്കും ബനിഹാലിനുമിടയിലെ യാത്രാസമയം കുറയുകയും ജമ്മു കശ്മീരിലെ റെയിൽ ഗതാഗതം കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും മാറുകയും ചെയ്യുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. 