ഗാന്ധിജയന്തിയിൽ ‘വെട്രി പയണം’ വിപുലീകരിച്ച് വിജയ്
ചെന്നൈ: ഗാന്ധിജയന്തി ദിനത്തിൽ തമിഴ്നാട്ടിലെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘വെട്രി പയണം’ വിപുലീകരിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈ കോയമ്പേട് ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്താണ് മുഖ്യമന്ത്രി പദ്ധതിയുടെ വിപുലീകരണത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ സർക്കാർ ബസ് സർവീസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും സൗജന്യ യാത്രയാണ് പദ്ധതിയിലൂടെ അനുവദിക്കുന്നത്.
നേരത്തെ സാധാരണ ടൗൺ, സിറ്റി ബസുകളിലായിരുന്നു സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. പുതിയ വിപുലീകരണത്തോടെ എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ് സർവീസ് (LSS), ഡീലക്സ് ബസുകളും പദ്ധതിയുടെ പരിധിയിൽ വരും. ജില്ലകൾക്കിടയിൽ സർവീസ് നടത്തുന്ന മഫുസിൽ ഓർഡിനറി ബസുകളും 40 കിലോമീറ്ററിന് മുകളിലുള്ള ദൂരത്തിൽ മലനാട് മേഖലകളിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലെ ഏഴ് സംസ്ഥാന ഗതാഗത കോർപ്പറേഷനുകൾക്ക് കീഴിലുള്ള 12,692 സർക്കാർ ബസുകളാണ് നിലവിൽ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഏകദേശം 84.32 ലക്ഷം സ്ത്രീകൾക്ക് പ്രതിദിനം പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്ക്. പ്രതിദിന യാത്രകളിൽ ഏകദേശം 85 ശതമാനവും പദ്ധതിയുടെ പരിധിയിലുള്ള ബസുകളിലായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതിക്ക് വരുമാനപരിധി നിശ്ചയിച്ചിട്ടില്ല. കൂടാതെ ഒരു ദിവസം എത്ര തവണ യാത്ര ചെയ്യാമെന്നതിനും പരിധിയില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (SETC) ബസുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. സൗജന്യ യാത്രാ സംവിധാനങ്ങൾ രേഖപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട ബസുകളിലെ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകളും സംയോജിപ്പിച്ചിട്ടുണ്ട്.
സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യപരിചരണം തുടങ്ങിയ ആവശ്യങ്ങൾക്ക് യാത്രാചെലവ് തടസ്സമാകാതിരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു. വിദ്യാർഥിനികൾക്കും ജോലി ആവശ്യങ്ങൾക്കായി ദൂരയാത്ര നടത്തുന്ന സ്ത്രീകൾക്കും ആശുപത്രികളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവർക്കും വിപുലീകരണം സഹായകരമാകുമെന്നാണ് ഗതാഗതവകുപ്പിന്റെ വിശദീകരണം.