ടി വി കെയുടെ ആദ്യ പരിപാടിക്കായി രാഹുൽ ഗാന്ധിയെയും പിണറായി വിജയനെയും കൊണ്ടുവരാൻ വിജയ് ശ്രമിക്കുന്നു, യോഗം സെപ്തംബർ 23ന്

 
TVK

ചെന്നൈ: നടൻ വിജയ് നയിക്കുന്ന തമിഴഗ്ഗ വെട്രി കഴഗ്ഗത്തിൻ്റെ (ടിവികെ) ആദ്യ പൊതുയോഗം സെപ്റ്റംബർ 23 ന് വില്ലുപുരത്ത് ചേരും. ഡിഎംകെ, എഐഎഡിഎംകെ, ബിജെപി, കോൺഗ്രസ് തുടങ്ങിയ പ്രമുഖ പാർട്ടികളിൽ നിന്നുള്ള മുതിർന്ന നേതാക്കളും സിനിമാ മേഖലയിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കേൾക്കുന്നു.

വിജയ് യുടെ ക്ഷണപ്രകാരം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമ്മേളനത്തിൽ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ 10 വർഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരുമിച്ച് ഒരു പൊതുവേദി പങ്കിടുന്നത്. പരിപാടിയിൽ രാഹുൽ ഗാന്ധിയുടെ പങ്കാളിത്തം ഉറപ്പാക്കാൻ വിജയ് വിപുലമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

നടൻ കമൽഹാസൻ്റെ നേതൃത്വത്തിൽ 'മക്കൾ നീതി മയ്യം' രൂപീകരണത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പങ്കെടുത്തിരുന്നു. വിജയുമായി അടുത്ത ബന്ധമുള്ള മുഖ്യമന്ത്രിമാരെ സമ്മേളനത്തിൽ എത്തിക്കാനാണ് ടി വി കെ ശ്രമിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും സമ്മേളനത്തിലേക്ക് ക്ഷണിക്കും. ആന്ധ്ര മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെയും ക്ഷണിച്ചേക്കും.

രാഹുൽ ഗാന്ധിയുടെ ഉപദേശപ്രകാരമാണ് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. രാഹുലുമായി അടുത്ത സൗഹൃദം പുലർത്തിയ വിജയ് 2009ൽ കോൺഗ്രസിൽ ചേരാൻ തയ്യാറായെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു.