വൈറൽ വീഡിയോ വിവാദം: സെജൽ പവാറിനെ 15 ദിവസത്തേക്ക് ക്യാമ്പസിൽ നിന്ന് മാറ്റി; കെഇഎം ആശുപത്രിയുടെ നടപടി

 
Nat
Nat
മുംബൈ: വൈറലായ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയെ ചൊല്ലിയ വിവാദത്തിന് പിന്നാലെ കെഇഎം ആശുപത്രിയും സേത്ത് ജി.എസ്. മെഡിക്കൽ കോളേജും എംബിബിഎസ് വിദ്യാർഥിനിയായ സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. ഈ കാലയളവിൽ കോളേജ്, ആശുപത്രി, ഹോസ്റ്റൽ പരിസരങ്ങളിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 
ഒരു സ്റ്റാൻഡ്-അപ്പ് കോമഡി പരിപാടിക്കിടെ മെഡിക്കൽ പഠനത്തിനായി ഉപയോഗിക്കുന്ന പുരുഷ മൃതദേഹങ്ങളെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് കാരണമായത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കെഇഎം ആശുപത്രി ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. ആശുപത്രി അധികൃതർ ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവാത്തതാണെന്ന് വ്യക്തമാക്കിയിരുന്നു. 
അന്വേഷണത്തിനിടെ സെജൽ പവാർ മാനസികമായി തളർന്ന നിലയിലായിരുന്നുവെന്നും തുടർച്ചയായി കരഞ്ഞിരുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇതേത്തുടർന്ന് കൗൺസലിങ് നൽകാനും നിർദേശിച്ചിട്ടുണ്ട്. തന്റെ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച സെജൽ പവാർ മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. 
അതേസമയം, മഹാരാഷ്ട്ര റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ (എംഎആർഡി) സെജൽ പവാറിന്റെ പരാമർശങ്ങൾ അനുചിതമാണെന്ന് വ്യക്തമാക്കിയെങ്കിലും, സാമൂഹിക മാധ്യമങ്ങളിലെ വ്യക്തിപരമായ അധിക്ഷേപങ്ങളും ഓൺലൈൻ വേട്ടയാടലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 
സംഭവത്തിൽ കെഇഎം ആശുപത്രി രൂപീകരിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ അച്ചടക്ക നടപടികൾ തീരുമാനിക്കുക.