ഗുജറാത്തിലെ കിണറിലെ വെള്ളം തുടർച്ചയായി ഇളകുന്നു; ഭൂകമ്പമല്ലെന്ന് വിദഗ്ധർ
ഗുജറാത്തിലെ മോർബി ജില്ലയിലെ വീർപർദ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലെ കിണറിലെ വെള്ളം ദിവസങ്ങളായി അസാധാരണമായി തിരമാലപോലെ ഇളകിക്കൊണ്ടിരിക്കുന്ന സംഭവം കൗതുകമുണർത്തുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേർ കിണർ കാണാൻ എത്തുകയും ചെയ്തു.
ആദ്യഘട്ടത്തിൽ ഭൂകമ്പമോ ഭൂഗർഭ ചലനങ്ങളോ കാരണമാകാമെന്ന സംശയം ഉയർന്നിരുന്നെങ്കിലും, ജിയോളജി വിദഗ്ധർ അത് തള്ളിക്കളഞ്ഞു. സമീപകാലത്ത് ലഭിച്ച ശക്തമായ മഴയെ തുടർന്ന് ഭൂഗർഭജലനിരപ്പ് ഉയരുകയും പാറകളിലെ സുഷിരങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന വായു പുറത്തേക്ക് വരികയും ചെയ്തതാകാം വെള്ളം ഇത്തരത്തിൽ തുടർച്ചയായി ഇളകാൻ കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ.
പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഭൂകമ്പമോ സീസ്മിക് പ്രവർത്തനങ്ങളോ രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഭൂഗർഭജല ഗവേഷണ സ്ഥാപനത്തിലെ വിദഗ്ധസംഘത്തെ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്താൻ നിയോഗിച്ചിട്ടുണ്ട്.