വിവാഹം നീട്ടിവെക്കണമെന്ന് നിർദേശം; പ്രതിഷേധത്തെ തുടർന്ന് ഉത്തരവ് പിൻവലിച്ച് അസം മെഡിക്കൽ കോളേജ്
റെസിഡൻസി കാലാവധി പൂർത്തിയാകുന്നതുവരെ വിവാഹം ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾ മാറ്റിവെക്കണമെന്ന് ബിരുദാനന്തര മെഡിക്കൽ വിദ്യാർഥികൾക്ക് നിർദേശം നൽകിയ അസം മെഡിക്കൽ കോളേജ് ഉത്തരവ് പിൻവലിച്ചു. ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗമാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്.
നവംബർ 18-ന് പുറത്തിറക്കിയ ഉത്തരവിൽ, വിഭാഗത്തിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികൾ റെസിഡൻസി പൂർത്തിയാകുന്നതുവരെ വിവാഹം പോലുള്ള വ്യക്തിപരമായ തീരുമാനങ്ങൾ മാറ്റിവെക്കണമെന്നാണ് നിർദേശിച്ചിരുന്നത്. ക്ലിനിക്കൽ ഡ്യൂട്ടി, രോഗീപരിചരണം, പഠനം, ഗവേഷണം എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
നിർദേശത്തിനെതിരെ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (FAIMA) ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘടനകൾ രംഗത്തെത്തി. റെസിഡൻസി പഠനകാലം ഡോക്ടർമാരുടെ വ്യക്തിജീവിതത്തെ നിയന്ത്രിക്കാനുള്ള കാരണമാകരുതെന്നും ജോലി സമയവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിലാണ് അധികൃതർ ശ്രദ്ധിക്കേണ്ടതെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
വ്യാപക വിമർശനം ഉയർന്നതിനെത്തുടർന്ന് മെഡിസിൻ വിഭാഗം മേധാവി പ്രൊഫ. പ്രശാന്ത ദിഹിംഗിയ ഉത്തരവ് അടിയന്തരമായി പിൻവലിച്ചു. നിർദേശം ചിലർ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പഠനത്തിലും രോഗീപരിചരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പുറത്തിറക്കിയതെന്നും അദ്ദേഹം വിശദീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.