'ഇലക്ടറൽ ബോണ്ടുകൾ അവതരിപ്പിച്ചപ്പോൾ ഞങ്ങളുടെ ഉദ്ദേശം നല്ലതായിരുന്നു'; നിതിൻ ഗഡ്കരി

 
Nithin

അഹമ്മദാബാദ്: ഫണ്ടില്ലാതെ ഒരു രാഷ്ട്രീയ പാർട്ടിക്കും പ്രവർത്തിക്കാനാകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അടുത്തിടെ സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ടുകൾ കേന്ദ്രസർക്കാർ 2017ൽ കൊണ്ടുവന്നത് നല്ല ഉദ്ദേശത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ സുപ്രീം കോടതി കൂടുതൽ നിർദേശം നൽകിയാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് ഇരുന്ന് ചർച്ച ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഗാന്ധിനഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ ഗഡ്കരി പറഞ്ഞു.

അരുൺ ജെയ്റ്റ്‌ലി കേന്ദ്ര ധനമന്ത്രിയായിരുന്നപ്പോൾ ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള ചർച്ചകളിൽ ഞാനും പങ്കെടുത്തിരുന്നു. ഫണ്ടില്ലാതെ ഒരു പാർട്ടിക്കും നിലനിൽക്കാനാവില്ല. ചില രാജ്യങ്ങളിൽ ഗവൺമെൻ്റുകൾ തന്നെ രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുന്നു.

എന്നാൽ ഇന്ത്യയിൽ അത്തരമൊരു സംവിധാനം ഇല്ല. അതിനാലാണ് രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്നതിനുള്ള ഈ സംവിധാനം ഞങ്ങൾ തിരഞ്ഞെടുത്തതെന്ന് ഗഡ്കരി പറഞ്ഞു. രാജ്യത്ത് ഇലക്ടറൽ ബോണ്ടുകൾ അവതരിപ്പിക്കുന്നതിന് പിന്നിലെ പ്രധാന ഉദ്ദേശ്യം തെരഞ്ഞെടുപ്പുകളിൽ പാർട്ടികൾക്ക് പ്രവർത്തിക്കാൻ ഫണ്ട് ലഭ്യമാക്കുക എന്നതാണ്.

എന്നിരുന്നാലും, അധികാരത്തിലിരിക്കുന്ന പാർട്ടി മാറുമ്പോൾ പ്രശ്‌നങ്ങളുണ്ടാകുന്നതിനാൽ സംഭാവന നൽകിയവരുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തുന്നില്ല. ഒരു പരിപാടിക്ക് സാമ്പത്തിക സഹായം നൽകാൻ ഒരു മാധ്യമത്തിന് പോലും ഒരു സ്പോൺസർ ആവശ്യമാണ്. രാഷ്ട്രീയ പാർട്ടികളുടെ കാര്യവും ഇതുതന്നെ. നിങ്ങൾ സത്യം മനസ്സിലാക്കണം.

സുതാര്യത കൊണ്ടുവരാനാണ് സർക്കാർ ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത്. ഞങ്ങളുടെ ഉദ്ദേശം നല്ലതായിരുന്നു. ഇക്കാര്യത്തിൽ സുപ്രീം കോടതി എന്തെങ്കിലും പോരായ്മകൾ കണ്ടെത്തിയാൽ എല്ലാ കക്ഷികളും ഒന്നിച്ചിരുന്ന് ഏകകണ്ഠമായി തീരുമാനമെടുക്കണം.

നമ്മുടെ രാജ്യത്തെ എല്ലാ പാർട്ടികളും അവരുടെ പ്രവർത്തനങ്ങൾക്ക് സുതാര്യമായ രീതിയിൽ ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. പണമില്ലാതെ ഒരു പാർട്ടിക്കും പ്രവർത്തനം നടത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കിയത്.

ഇത് ഭരണഘടനാപരമായി ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും വിവരാവകാശത്തെയും ഹനിക്കുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഇതോടെ, രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ഫണ്ടിൻ്റെ വിശദാംശങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി.