നികുതി ഇളവുകൾ നൽകിയിട്ടും എവിടെ തൊഴിലവസരങ്ങൾ?

ശമ്പളം വർധിപ്പിക്കാനും നിയമനങ്ങൾ കൂട്ടാനും കോർപ്പറേറ്റ് മേഖലയോട് പ്രധാനമന്ത്രി മോദി
 
National

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നികുതി ഇളവുകൾ നൽകിയിട്ടും രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ ശമ്പളം ഉയർത്തുന്നതിനും കമ്പനികൾ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിക്കി (FICCI) വാർഷിക പൊതുയോഗത്തിലും സമ്മേളനത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമായി കുറച്ചതും വ്യക്തിഗത ആദായനികുതിയിൽ ഇളവുകൾ നൽകിയതും ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.

സർക്കാർ വ്യവസായ മേഖലയ്ക്ക് നിരവധി ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ഇതിന്റെ പ്രയോജനം കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിലൂടെയും നിലവിലുള്ള ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിലൂടെയും തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടോയെന്ന് കമ്പനികൾ ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ വ്യവസായ മേഖലയ്ക്കും നിർണായക ഉത്തരവാദിത്വമുണ്ടെന്നും മോദി പറഞ്ഞു.

ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനായി ഔഷധനിർമാണം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളിൽ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ലോകത്തിലെ പ്രധാന ഔഷധനിർമാണ രാജ്യങ്ങളിലൊന്നായ ഇന്ത്യ ഇപ്പോഴും മരുന്നുകളുടെ നിർമാണത്തിന് ആവശ്യമായ ചില അടിസ്ഥാന ഘടകങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിൽ ആശ്രയിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഉപഭോക്താക്കൾക്കും കയറ്റുമതി നിലവാരത്തിലുള്ള മികച്ച ഉൽപ്പന്നങ്ങൾ ലഭ്യമാക്കണം. രാജ്യത്തെ 140 കോടി ജനങ്ങളെയും ഉറപ്പുള്ള വിപണിയായി കണ്ട് ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം വ്യവസായ പ്രമുഖരോട് ആവശ്യപ്പെട്ടു. അടുത്ത 20 വർഷത്തെ നിക്ഷേപ തീരുമാനങ്ങളിൽ 'ഇന്ത്യ ഫസ്റ്റ്' എന്ന ആശയം അടിസ്ഥാനമാക്കണമെന്നും 2047-ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കുന്നതിൽ വ്യവസായ മേഖല സജീവ പങ്കാളിയാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.