‘ഇടപെടാൻ അവർ ആരാണ്?’; NALSAR വിഷയത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയെ ചോദ്യം ചെയ്ത് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
NALSAR യൂണിവേഴ്സിറ്റി ഓഫ് ലോയിലെ വിദ്യാർഥികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) സ്വീകരിച്ച നടപടിയിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വിദ്യാർഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും, വിഷയത്തിൽ BCI ഇടപെടേണ്ട ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
NALSAR-ന്റെ 2026 ബാച്ചിലെ നിയമ ബിരുദധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് തടഞ്ഞുകൊണ്ട് BCI നേരത്തെ സർക്കുലർ പുറത്തിറക്കിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ ചില വിദ്യാർഥികൾ പ്രതിഷേധിച്ചതാണ് നടപടിക്ക് കാരണമായത്.
വിദ്യാർഥികൾ തന്നെ തനിക്ക് കത്തയച്ചതും ഇത് താനും വിദ്യാർഥികളും തമ്മിലുള്ള ആശയവിനിമയമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. “ഇടപെടാൻ അവർ ആരാണ്?” എന്നായിരുന്നു BCIയുടെ ഇടപെടലിനെ ചോദ്യം ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമർശം. നിയമപരമായ രീതിയിൽ വിദ്യാർഥികൾ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അത് അനുവദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദത്തെ തുടർന്ന് BCI പിന്നീട് നിലപാട് തിരുത്തിയിരുന്നു. 2026 ബാച്ചിലെ എല്ലാ NALSAR വിദ്യാർഥികൾക്കും തങ്ങൾ തിരഞ്ഞെടുക്കുന്ന സ്റ്റേറ്റ് ബാർ കൗൺസിലുകളിൽ അഭിഭാഷകരായി എൻറോൾ ചെയ്യാൻ അനുമതി നൽകുന്നതായി BCI അറിയിച്ചു. ഭൂരിഭാഗം വിദ്യാർഥികളും വിവാദ സംഭവത്തിൽ പങ്കാളികളായിരുന്നില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
വിഷയത്തിൽ BCIയുടെ വിശദീകരണം തേടിയ സുപ്രീം കോടതി, NALSAR വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കരുതെന്നും നിർദേശിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണം തുടരുകയാണ്.