‘ദിമാഗി നക്സൽ’ ആരെ ഉദ്ദേശിച്ച്? പ്രധാനമന്ത്രിയുടെ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ദിമാഗി നക്സൽ’ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. പ്രതിപക്ഷ നേതാക്കളെയല്ല പ്രധാനമന്ത്രി ‘ദിമാഗി നക്സൽ’ എന്ന് വിശേഷിപ്പിച്ചതെന്ന് റിജിജു വ്യക്തമാക്കി.
മാവോയിസ്റ്റുകളെ പിന്തുണയ്ക്കുകയും ഇന്ത്യൻ ഭരണഘടനയെ നിരാകരിക്കുകയും ചെയ്യുന്നവരെയാണ് ‘ദിമാഗി നക്സൽ’ എന്നതിലൂടെ ഉദ്ദേശിച്ചതെന്നാണ് റിജിജുവിന്റെ വിശദീകരണം. വിഘടനവാദത്തെ പിന്തുണയ്ക്കുന്നവരും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ ശ്രമിക്കുന്നവരും ഈ വിഭാഗത്തിൽപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേർതിരിക്കാൻ ശ്രമിക്കുന്നവരെയും ‘ദിമാഗി നക്സൽ’ എന്ന വിശേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർട്ടിക്കിൾ 370-നെ പിന്തുണയ്ക്കുന്ന വിഘടനവാദികളെയും ഇതിൽ ഉൾപ്പെടുത്തിയതായി റിജിജു വ്യക്തമാക്കി.
ചെങ്കോട്ട പ്രസംഗത്തിൽ സായുധ നക്സലിസം രാജ്യത്ത് അവസാനഘട്ടത്തിലാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, എന്നാൽ മാവോയിസ്റ്റ് ആശയങ്ങൾ മനസ്സിൽ പിന്തുടരുന്നവരിൽ നിന്ന് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തി. ‘ദിമാഗി നക്സൽ’ എന്നതിന് വ്യക്തമായ നിർവചനം ഇല്ലെന്നും വിമർശകരെയും എതിർപ്പുയർത്തുന്നവരെയും ലക്ഷ്യമിട്ടുള്ള പദപ്രയോഗമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. കോൺഗ്രസ് നേതാവ് പി. ചിദംബരം പരിഹാസരൂപത്തിൽ താൻ ‘ദിമാഗി നക്സൽ’ ആണെന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്നും പ്രതികരിച്ചു.