'ഞങ്ങളെ തീവ്രവാദികളെ പോലെ കാണുന്നത് എന്തിന്?'; കർഷകരും സമരത്തിൽ ചേരണമെന്ന് അഭിജീത് ദിപ്കെയുടെ ആഹ്വാനം

 
CJP

ഡൽഹിയിലെ ജന്തർ മന്തറിൽ തുടരുന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനത പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സമരക്കാരെ തീവ്രവാദികളെ പോലെ പരിഗണിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം രാജ്യത്തെ കർഷകരും പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് ആഹ്വാനം ചെയ്തു. 

പ്രതിഷേധ സ്ഥലത്ത് വെള്ളവും വൈദ്യുതിയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വിച്ഛേദിച്ചെന്ന് ദിപ്കെ ആരോപിച്ചു. സമരക്കാർക്ക് ശുചിമുറികൾ ഉപയോഗിക്കാൻ പോലും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം. പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. 

ജന്തർ മന്തറിൽ പ്രതിഷേധം തുടരാൻ അനുമതി നീട്ടിനൽകാൻ ഡൽഹി പൊലീസ് വിസമ്മതിച്ചിരുന്നെങ്കിലും സമരം തുടരുകയാണെന്ന് സംഘാടകർ അറിയിച്ചു. പ്രതിഷേധം സമാധാനപരമായി തുടരുമെന്നും കൂടുതൽ ജനപിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ദിപ്കെ വ്യക്തമാക്കി.