വന്യജീവി ഉദ്യോഗസ്ഥർ പുലിയെ പിടികൂടി

 
Puli

കാശ്മീർ: ജനവാസകേന്ദ്രത്തിൽ വിഹരിച്ച പുള്ളിപ്പുലിയെ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. വടികൊണ്ട് മാത്രമാണ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടിയത്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ആദ്യം ഒരു ഉദ്യോഗസ്ഥൻ പുള്ളിപ്പുലിക്ക് സമീപം നിൽക്കുന്നതാണ് കാണിക്കുന്നത്. പുള്ളിപ്പുലി ഇയാളുടെ മേൽ ആഞ്ഞടിക്കുന്നത് കാണാം. സമീപത്ത് കിടന്ന വടി എടുക്കാൻ ശ്രമിക്കുന്നതിനിടെ പുള്ളിപ്പുലി അയാളുടെ കൈ പിടിച്ചു. മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും വടികളുമായി ഇദ്ദേഹത്തെ സഹായിക്കുകയും പുലിയുടെ പിടിയിൽ നിന്ന് കൈ മോചിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. ഒടുവിൽ പുലിയെ പിടികൂടി കൂട്ടിലടച്ചു.

കശ്മീരിലെ ഗന്ദർബാലിലെ ഫത്തേപോറ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് പുലി സ്വതന്ത്രമായി വിഹരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഉദ്യോഗസ്ഥർക്ക് പുലിയെ പിടികൂടാനായത്. രക്ഷാദൗത്യത്തിനിടെ രണ്ട് സ്ത്രീകൾക്കും മൂന്ന് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.