നിതിൻ ഗഡ്കരി വിരമിക്കുമോ? ‘ഇനി അധികം ജോലി ചെയ്യാനാകില്ല’ പരാമർശത്തിൽ അഭ്യൂഹം; ഓഫീസ് വിശദീകരിച്ചു
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരണം നൽകി. യുവതലമുറയ്ക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ഗഡ്കരി നടത്തിയ പരാമർശമാണ് വിരമിക്കൽ ചർച്ചകൾക്ക് കാരണമായത്.
നാഗ്പൂരിൽ ഓഗസ്റ്റ് 23ന് നടന്ന ഒരു പരിപാടിയിലാണ് ഗഡ്കരി ‘ഇനി മുമ്പത്തെ പോലെ അധികം ജോലി ചെയ്യാനാകില്ല’ എന്ന തരത്തിൽ സംസാരിച്ചത്. യുവാക്കൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പരാമർശം രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ലെന്ന് ഗഡ്കരിയുടെ ഓഫീസ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ലക്ഷ്മൺറാവു മാണ്കർ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു പ്രസ്താവന. ട്രസ്റ്റിന്റെ ഭാവി നേതൃത്വത്തിൽ യുവതലമുറയ്ക്ക് കൂടുതൽ അവസരം നൽകണമെന്നതായിരുന്നു ഗഡ്കരിയുടെ പരാമർശത്തിന്റെ പശ്ചാത്തലമെന്നും ഓഫീസ് അറിയിച്ചു.
അതുകൊണ്ട് ഗഡ്കരി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്.