ഫ്രിഡ്ജിൽ യുവതിയെ കണ്ടെത്തിയ സംഭവം; ബാർബർ ഷോപ്പ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

 
crime

ബെംഗളൂരു: അപ്പാർട്ട്‌മെൻ്റിലെ ഫ്രിഡ്ജിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചു. കഴിഞ്ഞ ദിവസം നെലമംഗല സ്വദേശിനിയായ മഹാലക്ഷ്മിയുടെ (29) ശരീരഭാഗങ്ങൾ മുന്നേശ്വര ബ്ലോക്കിലെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് കണ്ടെത്തി. ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് കുറച്ചുകാലമായി ഒറ്റയ്ക്കാണ് താമസം.

അപ്പാർട്ട്മെൻ്റിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽവാസികൾ മഹാലക്ഷ്മിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. ഇവർ എത്തി പരിശോധിച്ചപ്പോൾ ഫ്രിഡ്ജിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്.

മഹാലക്ഷ്മിയുമായി അടുത്ത ബന്ധമുള്ള എല്ലാവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ സുഹൃത്തും പശ്ചിമ ബംഗാൾ സ്വദേശിയും ബാർബർ ഷോപ്പിലെ ജീവനക്കാരനുമായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ഇടയ്ക്കിടെ മഹാലക്ഷ്മിയെ കാണാൻ അപ്പാർട്ട്മെൻ്റിൽ വരാറുണ്ടെന്ന് സമീപവാസികൾ മൊഴി നൽകിയിരുന്നു.

ഫ്രിഡ്ജിൽ നിന്ന് 50 കഷ്ണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മറ്റെവിടെയെങ്കിലും വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം അപ്പാർട്ട്‌മെൻ്റിൽ എത്തിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്.

കൊലപാതകത്തിൻ്റെ രക്തക്കറയോ തെളിവ് നശിപ്പിക്കാനുള്ള ശ്രമമോ ഉണ്ടായിട്ടില്ല. മഹാലക്ഷ്മിയുടെ കിടക്കയ്ക്ക് സമീപം ഒരു സ്യൂട്ട്കേസ് ഉണ്ടായിരുന്നു. കൂടുതൽ അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ നൽകാനാവൂ എന്നും പോലീസ് അറിയിച്ചു.