പുഷ്പ 2ൻ്റെ പ്രീമിയറിൽ യുവതിയുടെ മരണം; 11 തവണ വീഴ്ച വരുത്തിയതിന് തിയറ്ററിന് കാരണം കാണിക്കൽ നോട്ടീസ് നൽകി

 
Hydrabad

ഹൈദരാബാദ്: അല്ലു അർജുൻ്റെ പുഷ്പ 2ൻ്റെ പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിൽ വീഴ്ച വരുത്തിയ സന്ധ്യ തിയറ്റർ മാനേജ്‌മെൻ്റിന് ഹൈദരാബാദ് പോലീസ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഡിസംബർ 12നാണ് നോട്ടീസ് അയച്ചത്. തിയേറ്റർ മാനേജ്‌മെൻ്റിൻ്റെ ഭാഗത്ത് നിന്ന് 11 വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് പോലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഡിസംബർ നാലിന് അല്ലു അർജുൻ എത്തുന്ന വിവരം തിയേറ്റർ മാനേജ്‌മെൻ്റ് അറിയിക്കാതിരുന്നതുൾപ്പെടെ നിരവധി കാരണങ്ങളാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

അല്ലു അർജുൻ ഉൾപ്പെടെയുള്ള പ്രധാന താരങ്ങൾ എത്തുമ്പോൾ ജനം ഒഴുകിയെത്തുമെന്ന് അറിഞ്ഞിട്ടും വേണ്ടത്ര സുരക്ഷ ഒരുക്കുന്നതിൽ മാനേജ്‌മെൻ്റ് പരാജയപ്പെട്ടുവെന്നാണ് നോട്ടീസിൽ പറയുന്നത്. സിനിമ കാണാൻ വരുന്നവർക്കായി എൻട്രി, എക്സിറ്റ് പോയിൻ്റുകൾ പ്രദർശിപ്പിക്കുന്ന കൃത്യമായ സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല.
തിയേറ്ററിന് പുറത്ത് മാനേജ്‌മെൻ്റ് അനധികൃതമായി വലിയ ഫ്‌ളെക്‌സുകൾ സ്ഥാപിച്ച് ആരാധകരെ ഒത്തുകൂടാൻ പ്രേരിപ്പിച്ചുവെന്നും നോട്ടീസിൽ ആരോപിക്കുന്നു. തിരക്ക് നിയന്ത്രിക്കാൻ പ്രധാന കവാടങ്ങളിൽ മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ല. ഇതും അനിഷ്ട സംഭവങ്ങൾക്ക് വഴിവെച്ചതായി നോട്ടീസിൽ പറയുന്നു.ഇത്രയും വീഴ്ചകൾ ഉണ്ടായിട്ടും സിനിമാട്ടോഗ്രാഫ് ലൈസൻസ് റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോയെന്ന് നോട്ടീസിൽ ചോദിച്ചു. മറുപടി നൽകാൻ മാനേജ്‌മെൻ്റിന് 10 ദിവസത്തെ സമയം അനുവദിച്ചു. മറുപടി തൃപ്തികരമല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കും.
ഡിസംബർ 4 ന് അല്ലു അർജുൻ്റെ ആരാധിക കൂടിയായ 35 കാരിയായ ഒരു സ്ത്രീ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകന് അൽപ്പം മുമ്പ് മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ചിരുന്നു