₹10 ലക്ഷം വിലയുള്ള എക്‌സ്-റേ യന്ത്രത്തിന് ബിൽ ₹33 ലക്ഷം

ഡൽഹി ആരോഗ്യവകുപ്പിൽ വൻ ടെൻഡർ ക്രമക്കേടെന്ന് എസിബി
 
National

ഡൽഹി ആരോഗ്യവകുപ്പിലെ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്നതിൽ നൂറുകണക്കിന് കോടി രൂപയുടെ ക്രമക്കേട് നടന്നതായി അഴിമതി വിരുദ്ധ വിഭാഗം (എസിബി) ആരോപിച്ചു. ടെൻഡർ നടപടികളിൽ കൃത്രിമം കാട്ടിയും യഥാർഥ വിലയെക്കാൾ പലമടങ്ങ് തുക ചെലവഴിച്ചുമാണ് സർക്കാർ ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയതെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. 

വിപണിയിൽ ഏകദേശം ₹10 ലക്ഷം വിലയുള്ള പോർട്ടബിൾ എക്‌സ്-റേ യന്ത്രം ഒന്നിന് ₹33 ലക്ഷം വീതമാണ് വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് യന്ത്രങ്ങൾക്കായുള്ള ടെൻഡറായിരുന്നെങ്കിലും പിന്നീട് രഹസ്യമായി 448 യന്ത്രങ്ങൾക്കാണ് പർച്ചേസ് ഓർഡർ നൽകിയതെന്നും എസിബി ആരോപിക്കുന്നു. 

എക്‌സ്-റേ യന്ത്രങ്ങൾ മാത്രമല്ല, ആശുപത്രി ബെഡ്‌ഷീറ്റുകൾ, ഒആർഎസ് പാക്കറ്റുകൾ, ശസ്ത്രക്രിയാ സാമഗ്രികൾ എന്നിവയും വിപണിവിലയെക്കാൾ പലമടങ്ങ് വിലയ്ക്ക് വാങ്ങിയെന്നാണ് കേസ്. ചില ടെൻഡറുകളുടെ സാങ്കേതിക മാനദണ്ഡങ്ങൾ മുൻകൂട്ടി നിശ്ചയിച്ച കമ്പനികൾക്ക് അനുകൂലമാകുന്ന രീതിയിൽ തയ്യാറാക്കിയതായും അന്വേഷണ സംഘം ആരോപിച്ചു. 

വ്യാജ കമ്പനികൾ സൃഷ്ടിക്കുകയും ടെൻഡർ നടപടികൾ ഒത്തുകളിയിലൂടെ നിയന്ത്രിക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കരാർ നൽകിയ ശേഷവും ടെൻഡറുകൾ 'ആക്ടീവ്' നിലയിൽ തുടർന്നതിനാൽ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കാതിരുന്നതായും എസിബി ചൂണ്ടിക്കാട്ടി. 

സംഭവവുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിലെ മുൻ ഡയറക്ടർ ജനറൽ ഉൾപ്പെടെ മൂന്ന് മുൻ ഉദ്യോഗസ്ഥരെ എസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരെയും കരാറുകാരെയും ചോദ്യം ചെയ്യുന്നതായി അധികൃതർ അറിയിച്ചു. അന്വേഷണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന.